പാലക്കാട്: പാർട്ടിയുടെ അച്ചടക്കനടപടിക്കു വിധേയനായ പി.കെ. ശശിയെ അനുകൂലിക്കുന്ന സിപിഎമ്മിലെ ഒരു വിഭാഗം മണ്ണാർക്കാട് മേഖലയിൽ പിടിമുറുക്കാൻ ശ്രമം തുടങ്ങി. പാർട്ടിയുമായി പരസ്യപോരിനിറങ്ങിയാണ് നീക്കം.
തദ്ദേശതെരഞ്ഞെടുപ്പിൽ പി.കെ. ശശി അനുകൂലവിഭാഗത്തിന്റെ ജനകീയ മതേതരമുന്നണി സ്ഥാനാർഥികൾ നാമനിർദേശപത്രിക നൽകി. മണ്ണാർക്കാട് നഗരസഭയിൽ പത്തു സീറ്റുകളിലാണ് മത്സരിക്കുന്നത്. മുൻ ബ്രാഞ്ച് സെക്രട്ടറി മുതൽ ലോക്കൽ കമ്മിറ്റി അംഗംവരെ ജനകീയ മതേതരമുന്നണി സ്ഥാനാർഥികളായി രംഗത്തുണ്ട്. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തിൽ ഒരു സീറ്റിൽ എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറി എ.കെ. ഷാനിഫാണ് മത്സരിക്കുന്നത്.
കാഞ്ഞിരപ്പുഴ പഞ്ചായത്തിൽ സിപിഎം മുൻ ലോക്കൽ സെക്രട്ടറി യുഡിഎഫ് പിന്തുണയോടെയാണ് ഇത്തവണ മത്സരിക്കുന്നത്. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിലേക്ക് കഴിഞ്ഞതവണ സിപിഎം ചിഹ്നത്തിൽ മത്സരിച്ചയാൾക്കും ഇത്തവണ യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കാരാകുറുശി പഞ്ചായത്തിൽ മുൻ ലോക്കൽ സെക്രട്ടറി മത്സരരംഗത്തുവന്നതും പാർട്ടിക്കുള്ളിലെ വിമതനീക്കത്തിന്റെ അടയാളമായി. കാരാകുറുശിയിൽ നിലവിലെ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ നാലുപേർകൂടി ഇന്നു നാമനിർദേശപത്രിക നൽകും.
കോട്ടോപ്പാടം പഞ്ചായത്തിൽ യുഡിഎഫ് പിന്തുണയിൽ സിപിഎമ്മിൽനിന്നുള്ള അഞ്ചുപേർ മത്സരിക്കുന്നുണ്ട്. മണ്ണാർക്കാടും പരിസരത്തും മത്സരരംഗത്തുള്ളതു പി.കെ. ശശിയെ സ്നേഹിക്കുന്നവരാണെന്ന് എ.കെ. ഷാനിഫ് പ്രതികരിച്ചു. പി.കെ. ശശിയെ മാറ്റിനിർത്തിയതിലെ അമർഷവും സങ്കടവും ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. സിപിഎമ്മിനെ പരാജയപ്പെടുത്തുകയാണ് ജനകീയ മതേതരമുന്നണിയുടെ ലക്ഷ്യം.
സിപിഎം ജില്ലാ സെക്രട്ടറിയുടേത് ഏകാധിപത്യനിലപാടാണ്. ഇതിനെതിരേയാണ് സ്ഥാനാർഥിത്വം. പാർട്ടിയെ പാർട്ടിയായി നിലനിർത്താൻവേണ്ടിയാണ് മത്സരിക്കുന്നത്. സ്പിരിറ്റ്-കള്ള് മാഫിയയ്ക്കു പിന്നാലെപോകുന്ന നേതൃത്വമാണ് ഇപ്പോഴുള്ളത്. ചില കേന്ദ്രങ്ങളിൽ യുഡിഎഫുമായി സഹകരിക്കുന്നുണ്ടെന്നും ആരുമായും രഹസ്യധാരണയുണ്ടാക്കിയിട്ടില്ലെന്നും ഷാനിഫ് പറഞ്ഞു.